അമ്പലപ്പുഴ സ്വദേശി വിഷ്ണു കണ്ണമ്പള്ളിക്ക് പിപ്ലാന്ത്രിയുടെ പുരസ്കാരം

പത്മശ്രീ.ശ്യാം സുന്ദർ പാലിവാലിന്റെ ഓഫീസിൽ നിന്നും കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചു 

അമ്പലപ്പുഴ സ്വദേശി വിഷ്ണു കണ്ണമ്പള്ളിക്ക് പിപ്ലാന്ത്രിയുടെ പുരസ്കാരം . രാജസ്ഥാനിലെ പിപ്ലാന്ത്രിയിലെ ഗ്രാമോത്സവത്തിൽ നൽകുന്ന പ്രത്യേക അവാർഡിനാണ് വിഷ്ണു കണ്ണമ്പള്ളിയെ പരിഗണിച്ചിരിക്കുന്നത് . സെപ്റ്റംബറിലാണ് ഈ വർഷത്തെ ഗ്രാമോത്സവം നടക്കുന്നത് . 


രാജസ്ഥാനിൽ പിപ്ലാന്ത്രി എന്ന ഗ്രാമത്തിൽ ഓരോ പെൺകുഞ്ഞും ജനിക്കുമ്പോൾ പിപ്ലാന്ത്രിയിലെ ഗ്രാമവാസികൾ 111 മരങ്ങൾ നട്ടുപിടിപ്പിക്കുകയും പെൺകുട്ടികൾ വളരുന്നതിനൊപ്പം ഈ മരങ്ങൾ നിലനിൽക്കുമെന്ന് സമൂഹം ഉറപ്പാക്കുന്നു. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി ഒരു പെൺകുഞ്ഞിന്റെ ജനനശേഷം, ഗ്രാമവാസികൾ 21,000 രൂപ ഒരുമിച്ച് സംഭാവന ചെയ്യുകയും മാതാപിതാക്കളിൽ നിന്ന് 10,000 രൂപ എടുത്ത് സ്ഥിരനിക്ഷേപമായി ബാങ്ക് അക്കൗണ്ടിൽ ഇടുകയും ചെയ്യുന്നു, അത് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. പെൺകുട്ടിക്ക് ശരിയായ വിദ്യാഭ്യാസം നൽകുമെന്ന് ഗ്രാമവാസികൾ മാതാപിതാക്കളിൽ സത്യവാങ്മൂലവും വാങ്ങുന്നു.ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് ശ്യാം സുന്ദർ പാലിവാൾ എന്ന മുൻ ഗ്രാമത്തലവനാണ്. ഇദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ച തന്റെ മകൾ കിരണിന്റെ സ്മരണയ്ക്കായി ഈ പദ്ധതി ആരംഭിച്ചത് .




പത്മശ്രീ ശ്യാം സുന്ദർ പാലിവാൾ പിപ്ലാന്ത്രിയിലെത്തിയ വിഷ്ണു കണ്ണമ്പള്ളിയെ സ്വീകരിക്കുന്നു(ഫയൽ ചിത്രം)


ഈ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അറിഞ്ഞ വിഷ്ണു കണ്ണമ്പള്ളി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും അവിടെയെത്തി പദ്ധതിയെ കുറിച്ച് പഠിക്കുകയും  കേരളത്തിലെ വൃക്ഷത്തെകളും ചെടികളും അവിടെ എത്തിച്ചു നട്ടുപിടിപ്പിക്കുകയും ചെയ്തു.ശ്യാം സുന്ദർ പാലിവാലിന്റെ ആതിഥ്യത്തിൽ അവിടെ കുറച്ചു ദിവസം താമസിക്കുകയും ചെയ്തു.അദ്ദേഹവുമായി ഊഷ്മളമായ ബന്ധം പുലർത്തുന്ന വിഷ്ണു ഗ്രാമത്തിലെ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിനായി കേരളത്തിൽ നിന്നും പാള കൊണ്ടു നിർമ്മിച്ച പാത്രങ്ങൾ മുതലായവ എത്തിച്ചു നൽകുകയും ഇത്തരം ആശയങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും കൂടാതെ കേരളത്തിലെ  വൃക്ഷത്തൈകളും ചെടികളും സ്ഥിരമായി കൊറിയർ മുഖേന അയച്ചു കൊടുക്കുകയും ചെയ്യുന്നു.

ഈ സെപ്റ്റംബറിൽ ദേശീയ സംസ്ഥാന തലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രധാന വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണം ചെയ്യുന്നത് . അവാർഡ് സംബന്ധിച്ച വിവരം പത്മശ്രീ.ശ്യാം സുന്ദർ പാലിവാലിന്റെ ഓഫീസിൽ നിന്നും കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന് അറിയിപ്പ് ലഭിച്ചത്.